08:42am 10 November 2026
NEWS
ഇന്ത്യാ - പാക് വെടിനിർത്തൽ തന്റെ ഇടപെടലിനെ തുടർന്നെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ്
28/06/2025  07:24 AM IST
nila
 ഇന്ത്യാ - പാക് വെടിനിർത്തൽ തന്റെ ഇടപെടലിനെ തുടർന്നെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ്

ഇന്ത്യാ - പാക് വെടിനിർത്തൽ തന്റെ ഇടപെടലിനെ തുടർന്നെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘർഷത്തിന് പരിഹാരം കണ്ടത് താനാണെന്ന് ട്രംപ് നേരത്തേയും അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യം ഇന്ത്യ നിഷേധിക്കുകയും ചെയ്തു. ഇപ്പോൾ വീണ്ടും ഇതു സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് ട്രംപ്. 

ഇരു രാജ്യങ്ങളുമായുള്ള എല്ലാ കരാറുകളും റദ്ദാക്കാൻ താൻ നിർദേശം നൽകിയതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കാൻ തയാറായതെന്നാണ് ട്രംപ് പറഞ്ഞത്. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. 

‘‘ഞങ്ങൾ മികച്ച ചില കാര്യങ്ങൾ ചെയ്തു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒരുപക്ഷേ ആണവയുദ്ധം തന്നെ ഉണ്ടായേക്കാമായിരുന്നു. ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്തു. ഇതിലും കൂടുതൽ കാര്യങ്ങൾ ചെയ്ത ഒരു പ്രസിഡന്റ് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് എനിക്കറിയില്ല.’’– ട്രംപ് അവകാശപ്പെട്ടു. ജന്മാവകാശ പൗരത്വ കേസിൽ കീഴ്‌ക്കോടതികളുടെ അധികാരം പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച് സുപ്രീം കോടതി വിധിക്കു ശേഷം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

‘‘ഇന്ത്യയും പാക്കിസ്ഥാനുമായി ഞാൻ ചർച്ച നടത്തി. ഇന്ത്യയും പാക്കിസ്ഥാനുമായുള്ള എല്ലാ കരാറുകളും റദ്ദാക്കാൻ എന്റെ ഉദ്യോഗസ്ഥരോട് ഞാൻ പറഞ്ഞു. അവർ ഒരു യുദ്ധത്തിലായതിനാൽ നമ്മളുമായി വ്യാപാരം നടത്തുന്നില്ലെന്നു കർശനമായി പറഞ്ഞു. ഇതോടെ രണ്ടു രാജ്യങ്ങളും തിരിച്ചുവിളിച്ചു. ഞാൻ പറഞ്ഞു, നോക്കൂ, നിങ്ങൾക്ക് അമേരിക്കയുമായി വ്യാപാരം വേണം. അത് വളരെ നല്ല കാര്യമാണ്. പക്ഷേ നിങ്ങൾ പരസ്പരം ആണവായുധങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ അത് അനുവദിക്കില്ല. അവർ രണ്ടുപേരും സമ്മതിച്ചു, രണ്ടു രാജ്യങ്ങളിലും മികച്ച നേതാക്കളുണ്ട്. അവർ രണ്ടുപേരും അത് ചെയ്യില്ലെന്ന് സമ്മതിച്ചു.’’– ട്രംപ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img